
ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (DFI) സംഘടിപ്പിക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) നവംബർ 20 മുതൽ 28 വരെ നടക്കും. പ്രാദേശിക പ്രതിഭകളെ വളർത്തുകയും യഥാർത്ഥവും അടിയന്തിരവുമായ കഥകൾ സിനിമയിലൂടെ അവതരിപ്പിക്കുകയെന്ന ദൗത്യത്തിന്റെ പുതിയ അധ്യായമാകും ഇത്തവണത്തെ ഫിലിം ഫെസ്റ്റിവൽ.ഈ വർഷത്തെ ഗാലാ പ്രദർശന വിഭാഗത്തിലെ പ്രധാനചിത്രങ്ങൾപ്രഖ്യാപിച്ചു.
‘Re-Creation’ (Ireland/Luxembourg) – ജിം ഷെറിഡനും ഡേവിഡ് മെറിമാനും സംവിധാനം ചെയ്ത ഈ ചിത്രം, ഫ്രഞ്ച് പ്രൊഡ്യൂസർ സോഫി ടോസ്കാൻ ഡി പ്ലാന്തിയറിന്റെ കൊലക്കേസ് അടിസ്ഥാനമാക്കിയുള്ളതാണ്. കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ സത്യത്തിന്റെയും കുറ്റസമ്മതത്തിന്റെയും അതിരുകൾ ചോദ്യം ചെയ്യുകയാണ് ചിത്രം.
* ‘Sa3oud Wainah’ (Qatar) – മുഹമ്മദ് അൽ ഇബ്രാഹിം സംവിധാനം ചെയ്ത ഈ ഖത്തറി ചിത്രം ഒരു മാജിക് ട്രിക്കിൽ പെട്ടെന്ന് കാണാതാകുന്ന സഹോദരനെ ആസ്പദമാക്കിയ മിസ്റ്ററി ത്രില്ലർ ആണിത്. ഹമൂദ്, സാഊദ് എന്നീ സഹോദരന്മാരുടെ ഫാംഹൗസിൽ നടക്കുന്ന അനിഷ്ടസംഭവങ്ങൾ — കളിയാണോ അതോ ഭീകരസത്യമോ — എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
* ‘Shoot The People’ (UK) – ആൻഡി മണ്ടി-കാസിൽ സംവിധാനം ചെയ്ത ഈ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫർ മിസൻ ഹാരിമാൻ ലോകമെമ്പാടുമുള്ള പ്രക്ഷോഭങ്ങളെയും ആക്ടിവിസത്തിന്റെയും മുഖങ്ങളെ പകർത്തുന്ന യാത്രയെക്കുറിച്ചാണ്. സമൂഹപരമായ മാറ്റങ്ങൾ യാഥാർത്ഥ്യമാക്കാൻ ആക്ടിവിസത്തിനും കലക്കും കഴിയുമോ എന്ന ചോദ്യമാണ് ചിത്രം ഉയർത്തുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായി ബ്രിട്ടീഷ് മാൻഡേറ്റ് കാലഘട്ടമായ 1936ലെ പാലസ്തീൻ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തിപരമായ പ്രതിരോധകഥയെ അവതരിപ്പിക്കുന്ന പ്രത്യേക പ്രദർശന ചിത്രവും പ്രദർശിപ്പിക്കും.











